ഇന്ത്യൻ സ്വാതന്ത്ര്യത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ത്യാഗനിര്‍ഭരമായ പങ്ക് - സ. പി. രാജീവ്
11 ഓഗസ്റ്റ് 2022
10:30
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ആചരിക്കുന്നത് വെറും കാലഗണനയെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ഇന്ത്യയിലെ സവിശേഷമായ സാഹചര്യം കൂടി കണക്കിലെടുത്താണ്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് പിന്നില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ ത്യാഗനിര്‍ഭരമായ സമരചരിത്രമുണ്ട്. ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനം നേരിട്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത നിരവധി ഗൂഢാലോചന കേസുകള്‍ അന്നുണ്ടായി. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലെ തടവുകാരില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റുകള്‍ ആയിരുന്നു. അവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയോ മാപ്പെഴുതി കൊടുക്കുകയോ ചെയ്യാതെ തടവില്‍ കഴിഞ്ഞവരാണ്. ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന, ഭരണഘടന നിര്‍മ്മാണ അസംബ്ലി, പൂര്‍ണ്ണസ്വരാജ് എന്നിവയൊക്കെ ആദ്യം മുന്നോട്ട് വച്ചത് കമ്യൂണിസ്റ്റുകാര്‍ ആയിരുന്നു. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ മതനിരപേക്ഷത അനിവാര്യമാണ്. എന്നാല്‍ മതാത്മകതയും മതനിരപേക്ഷതയും തമ്മിലുള്ള ആഴത്തിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് ഇന്ത്യ ഇന്ന് സാക്ഷ്യംവഹിക്കുന്നു. ബുള്‍ഡോസറുകളിലൂടെ ഒരു വിഭാഗം ജനതയെ രണ്ടാം പൗരന്മാരായി മാറ്റുകയാണ്. ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ഇന്നത്തെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ ദൗത്യം ഭരണഘടനയെ സംരക്ഷിക്കുകയാണ് എന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിച്ച "സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍" എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി. ഹണി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍, രചന കണ്‍വീനര്‍ എസ്. ബിനു സ്വാഗതവും, ജോയിന്റ് കണ്‍വീനര്‍ പൂവത്തൂര്‍ ചിത്രസേനന്‍ നന്ദിയും പറഞ്ഞു.